ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ അവിവ ബെയ്ഗുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഏഴ് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹ തീരുമാനമുണ്ടായത്.

രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിലായിരുന്നു (Doon School) റെയ്ഹാന്റെയും പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. രാഷ്ട്രീയത്തിന് പകരം കലാരംഗത്താണ് റെയ്ഹാന് താത്പര്യം. മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയായ അദ്ദേഹത്തിന്റെ ചിത്രപ്രദർശനം 2021-ൽ ന്യൂഡൽഹിയിലെ ബിക്കാനിർ ഹൗസിൽ നടന്നിരുന്നു.
ഡൽഹി സ്വദേശിയായ അവിവ, മോഡേൺ സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി. ഒരു ദേശീയ ഫുട്ബോൾ താരം കൂടിയാണ് അവിവ ബെയ്ഗ്.വിവാഹ തീയതിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വരും മാസങ്ങളിൽ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.
