കോഴിക്കോട്: കോഴിക്കോട് ബീച്ചിലെത്തിയ 16 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

വീട് വിട്ടിറങ്ങിയ പെൺകുട്ടി: കഴിഞ്ഞ ഇരുപതാം തീയതി രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയായിരുന്നു.
ചതിക്കുഴി: ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ ബീച്ചിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പ്രതികൾ സമീപിച്ചു. താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ പെൺകുട്ടിയെ നഗരത്തിലെ ഒരു ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്ലാറ്റിലെത്തിച്ച ശേഷം പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇവർ പെൺകുട്ടിക്ക് 4,000 രൂപ നൽകി ഉച്ചയോടെ ബീച്ചിൽ തന്നെ ഇറക്കിവിട്ടു.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ബീച്ചിൽ നിന്ന് കണ്ടെത്തിയത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു രണ്ടുപേർ ഒളിവിലാണെന്നും അവർക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.
