ഷാംലി: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ക്രൂരമായ കുടുംബക്കൊലപാതകം. ബുർഖ ധരിക്കാതെ പുറത്തുപോയെന്നാരോപിച്ച് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് വെടിവെച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 10-ന് നടന്ന ഈ അരുംകൊല ഒരാഴ്ചയ്ക്ക് ശേഷമാണ് പുറംലോകമറിയുന്നത്. ഫാറൂഖിന്റെ ഭാര്യ താഹിറ, മക്കളായ ആഫ്രീൻ, സെഹ്റിൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
കാരണം: കുടുംബതർക്കത്തെത്തുടർന്ന് താഹിറ ബുർഖയോ പർദ്ദയോ ധരിക്കാതെ സ്വന്തം വീട്ടിലേക്ക് പോയതാണ് ഫാറൂഖിനെ പ്രകോപിപ്പിച്ചത്.
താഹിറ തിരികെ വീട്ടിലെത്തിയപ്പോൾ ഇതേച്ചൊല്ലി ഫാറൂഖ് വഴക്കുണ്ടാക്കുകയും തുടർന്ന് ഭാര്യയെയും മൂത്ത മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഇളയ മകളെ ശ്വാസംമുട്ടിച്ചാണ് കൊന്നത്.
തെളിവ് നശിപ്പിക്കൽ: വീട്ടിൽ കക്കൂസ് നിർമ്മാണത്തിനായി നേരത്തെ എടുത്തു വെച്ചിരുന്ന കുഴിയിൽ മൂന്ന് മൃതദേഹങ്ങളും ഫാറൂഖ് കുഴിച്ചുമൂടി.
ഭാര്യയെയും മക്കളെയും കാണാതായതിനെക്കുറിച്ച് ചോദിച്ച അയൽക്കാരോട് അവർ ബന്ധുവീട്ടിലാണെന്നാണ് ഫാറൂഖ് മറുപടി നൽകിയത്. എന്നാൽ ഫാറൂഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വന്തം പിതാവ് തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ ഫാറൂഖ് കുറ്റം സമ്മതിച്ചു. ഇയാൾ ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് പോലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
