സ്വിറ്റ്സർലൻഡ്: ബേൺ മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ഭർത്താവായ 43 വയസ്സുകാരൻ തോമസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി.
പോലീസ് റിപ്പോർട്ടുകൾ അനുസരിച്ച്, 2024 ഫെബ്രുവരിയിൽ വീട്ടിൽ വെച്ച് ക്രിസ്റ്റീനയെ തോമസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം, ക്രിസ്റ്റീനയുടെ മൃതദേഹം വികൃതമാക്കാനും അവശിഷ്ടങ്ങൾ നശിപ്പിക്കാനും തോമസ് ശ്രമിച്ചതായി കണ്ടെത്തി.

പോസ്റ്റ്മോർട്ടം രേഖകൾ പ്രകാരം, തോമസ് കത്തിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രിസ്റ്റീനയുടെ ശരീരം മുറിച്ചുമാറ്റാൻ ശ്രമിച്ചു. ഗർഭപാത്രം നീക്കം ചെയ്ത ശേഷം, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ ഛേദിച്ചത്. ചില ശരീരഭാഗങ്ങൾ രാസലായനിയിൽ ലയിപ്പിച്ച് ശുദ്ധീകരിക്കാനും ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൊലപാതകം അതിക്രൂരമായിരുന്നു. ഇടുപ്പെല്ലുകൾ ഒടിച്ചും നട്ടെല്ലും തലയും ശരീരത്തിൽ നിന്ന് വേർപെടുത്തിയുമാണ് മൃതദേഹം വികൃതമാക്കിയത്. മൃതദേഹം കഷണങ്ങളാക്കുന്നതിനിടയിൽ പ്രതി തോമസ് മൊബൈലിൽ യൂട്യൂബ് വീഡിയോകൾ കണ്ടിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.
ഭാര്യ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും, സ്വയം പ്രതിരോധത്തിനായാണ് കൊലപാതകം നടത്തിയതെന്നുമാണ് തോമസ് പോലീസിനോട് അവകാശപ്പെട്ടത്. എന്നാൽ, ഫോറൻസിക് വിദഗ്ധർക്ക് ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല,ക്രിസ്റ്റീനയ്ക്കും തോമസിനും രണ്ട് പെൺമക്കളുണ്ട്.
ക്രിസ്റ്റീന ജോക്സിമോവിച്ച് 2007-ൽ മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിൽ ഫൈനലിസ്റ്റായിരുന്നു. സൗന്ദര്യമത്സര വേദിയിൽ തിളങ്ങിയ ശേഷം, അവർ ഒരു കാറ്റ് വാക്ക് (Catwalk) പരിശീലകയായും മിസ് യൂണിവേഴ്സ് മത്സരങ്ങളിലടക്കം മെന്ററായും പ്രവർത്തിച്ച് വരികയായിരുന്നു.
