ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ റോബ് റെയ്നറെയും (78) ഭാര്യ മിഷേലിനെയും (68) ലോസ് ഏഞ്ചലസിലെ വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷനും സ്ത്രീയും വീടിനുള്ളിൽ മരിച്ചുകിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് റെയ്നറും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്.

ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, റെയ്നറുടെ രണ്ടാമത്തെ മകൻ നിക്ക് റെയ്നറാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ അന്വേഷണസംഘം ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ജേക്ക്, നിക്ക്, റോമി എന്നിങ്ങനെ മൂന്ന് മക്കളാണ് റെയ്നർക്കും മിഷേലിനുമുള്ളത്.ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്റിലെ റോബറി ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക വിവരം അനുസരിച്ച്, കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്.റെയ്നർ മുൻപ് പരസ്യമായി സമ്മതിച്ചിരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും കേസിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് സൂചന.
സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ:
‘ഹാരി മെറ്റ് സാലി’, ‘ഫ്ലിപ്പ്ഡ്’, ‘ദ പ്രിൻസസ് ബ്രൈഡ്’, ‘എ ഫ്യൂ ഗുഡ് മെൻ’, ‘ദ അമേരിക്കൻ പ്രസിഡന്റ്’, ‘ബക്കറ്റ് ലിസ്റ്റ്’ ഉൾപ്പെടെ 20-ൽ അധികം ചിത്രങ്ങൾ റോബ് റെയ്നർ സംവിധാനം ചെയ്തിട്ടുണ്ട്. കോമഡി ഇതിഹാസം കാൾ റെയ്നറുടെ മകനായ അദ്ദേഹം 1960-കളിലാണ് തന്റെ കരിയർ ആരംഭിച്ചത്. 1970-കളിലെ ‘ഓൾ ഇൻ ദി ഫാമിലി’ എന്ന പരമ്പരയിലെ കാറോൾ ഒ കോണറിന്റെ ആർച്ചി ബങ്കറിനൊപ്പം അവതരിപ്പിച്ച ‘മീറ്റ് ഹെഡ്’ എന്ന കഥാപാത്രമാണ് റോബ് റെയ്നറെ പ്രശസ്തനാക്കിയത്.
