ഹോളിവുഡിന്റെ സൂപ്പർ ഹിറ്റ് ആക്ഷൻ ഫ്രാഞ്ചൈസിയായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസി’ന്റെ (Fast & Furious) അവസാന ഭാഗത്തിൽ ലോകോത്തര ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) അഭിനയിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ആരാധകർക്കിടയിൽ ആവേശം നിറയ്ക്കുന്നു.ചിത്രത്തിന്റെ നിർമ്മാതാവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനുമായ വിൻ ഡീസലാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. റൊണാൾഡോയ്ക്കൊപ്പമുള്ള ഒരു ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചുകൊണ്ട് ഡീസൽ കുറിച്ചത് ഇങ്ങനെയാണ്:

”ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിൽ ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിക്കുന്നു. അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യനാണ്, അദ്ദേഹത്തിനായി ഞാൻ ഒരു റോൾ എഴുതിയിട്ടുണ്ട്.”
പോർച്ചുഗലിന്റെയും അൽ നസ്റിന്റെയും താരമായ റൊണാൾഡോയുടെ കളിക്കളത്തിലെ കരിയർ അവസാനിക്കുന്നതിന് മുന്നോടിയായുള്ള ഒരു നിർണ്ണായക വഴിത്തിരിവായാണ് ഈ വാർത്തയെ ആരാധകവൃന്ദം നോക്കിക്കാണുന്നത്. 2001-ൽ ആരംഭിച്ച ഈ ആക്ഷൻ പരമ്പരയിലെ പതിനൊന്നാമത് ചിത്രമാണ് അന്തിമ ഭാഗമായി 2027 ഏപ്രിലിൽ പുറത്തിറങ്ങുക.
കൂടാതെ, അന്തരിച്ച നടൻ പോൾ വാക്കർ അനശ്വരമാക്കിയ ബ്രയാൻ ഒ’കോണർ എന്ന കഥാപാത്രം വിൻ ഡീസലിന്റെ ഡോമിനിക് ടൊറെറ്റോ എന്ന കഥാപാത്രത്തെ വീണ്ടും കാണുമെന്നും ഡീസൽ നേരത്തെ സൂചന നൽകിയിരുന്നു.
ഫുട്ബോൾ ലോകത്തെ ‘സി ആർ 7’ ആയി മിന്നും പ്രകടനം കാഴ്ചവെച്ച റൊണാൾഡോ, വെള്ളിത്തിരയിലും അതേ തിളക്കം നിലനിർത്തുമോ എന്ന് കാത്തിരുന്നു കാണാം.
