മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽനിന്ന് വിജയിച്ച എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയും സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയുമായ കെ.വി. സയ്യിദ് അലി മജീദിന്റെ വിജയാഹ്ലാദ പ്രസംഗം വിവാദത്തിൽ. വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്.
വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിക്കായി വനിതാ ലീഗ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങിയതാണ് മജീദിനെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ താഴെ നൽകുന്നു:

വനിതാ ലീഗിനെതിരായ വിമർശനം: “വനിതാ ലീഗിനെക്കുറിച്ച് പറയാൻ പാടില്ലത്രേ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ വനിതാ ലീഗിനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൾമാരെ വരെ പറയും. വനിതാ ലീഗിനെ നിങ്ങൾ ഇറക്കി. വനിതാ ലീഗിലെല്ലാം എവിടെപ്പോയി? വനിതാ ലീഗിലെ ഒരു വ്യക്തി ഇന്നലെ ഒരു വീഡിയോ ഇറക്കിയിരിക്കുന്നു. വനിതാ ലീഗിനെ പറയാൻ പാടില്ലെന്ന് ജമീല താത്തയും കൂട്ടരും പറയുന്നു. ഇതൊക്കെ കേൾക്കാൻ ആണത്തവും ഉളുപ്പും ഉണ്ടെങ്കിൽ മാത്രം ഈ പരിപാടിക്ക് ഇറങ്ങിയാൽ മതി. അല്ലെങ്കിൽ വീട്ടമ്മയായി വീട്ടിൽ ഇരിക്കാൻ സാധിക്കണം. അതാണ് വേണ്ടത്.”
കേസിനെക്കുറിച്ചും വെല്ലുവിളിയും: “സയ്യിദ് മജീദിനെയും പ്രവർത്തകരെയും തോൽപ്പിക്കാൻവേണ്ടി വന്നാൽ ഇതല്ല, ഇതിനപ്പുറത്തേതും ഞങ്ങൾ വിളിച്ചുപറയും. കേസ് കൊടുത്താൽ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ കല്യാണം കഴിച്ചവരാണ്. നിങ്ങൾ 20 പേരെ ഇറക്കിയിട്ടുണ്ടെങ്കിൽ 200 പേരെ ഇറക്കാൻ ഞങ്ങളുടെ വീട്ടിലും കല്യാണം കഴിച്ചുകൊണ്ടുവന്ന പെൺകുട്ടികളുണ്ട്.”
സ്ത്രീകളെ ‘കാഴ്ചവെക്കുന്നു’ എന്ന ആരോപണം: “കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കുന്നത് എന്തിനാണെന്ന് അറിയാമോ? ഇത്തരം കാര്യങ്ങൾക്കാണ് തറവാട് നോക്കുന്നത്. അന്യ ആണുങ്ങളുടെ മുന്നിൽ പോയി ഒരു വോട്ടിനുവേണ്ടി, കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെക്കാനുള്ളതല്ല എന്ന് ഓർമപ്പെടുത്തുകയാണ്.”
അന്തിയുറങ്ങാനുള്ള പരാമർശം: “ഞങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെകൂടെയും ഭർത്താക്കന്മാരുടെകൂടെയും അന്തിയുറങ്ങാനാണ്,” മജീദ് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
സ്ഥാനാർഥിയുടെ ഈ പരാമർശങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. രാഷ്ട്രീയരംഗത്തെ വനിതാ പങ്കാളിത്തത്തെ തടസ്സപ്പെടുത്തുന്നതും സ്ത്രീകളെ അവഹേളിക്കുന്നതുമാണ് ഈ പ്രസ്താവനകളെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ നിയമനടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
