പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിലെ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെ താൽക്കാലിക അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പുതിയങ്ങാടി സ്വദേശിയായ ലിജോ ജോൺ എന്ന അധ്യാപകനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.വിനോദയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് മർദനത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന സൂചന.പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തി.തുടർന്ന്, ലിജോ ജോണും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
നാലുപേർ ചേർന്ന് ഇരുട്ടിലേക്ക് കൊണ്ടുപോയാണ് മർദനം നടത്തിയത്. ആക്രമണത്തിനായി വടി ഉപയോഗിച്ചതായും വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്.മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാരാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പരുക്കേറ്റ മൂന്ന് വിദ്യാർഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

