കൊച്ചി: പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രം ‘ഫോർത്ത് ഫ്ലോർ’ റിലീസിനൊരുങ്ങുന്നു. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മനോ ക്രിയേഷൻസിന്റെ ബാനറിൽ എ. രാജ നിർമിച്ച് എൽ.ആർ. സുന്ദര പാണ്ഡ്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫ്ലാറ്റിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും സ്വപ്നവും തമ്മിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന കഥയിൽ, ആറ് മരണങ്ങളും അവയ്ക്ക് പിന്നിലെ നിഗൂഢതകളുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
തമിഴ് ബിഗ് ബോസ് വിജയിയും ‘മായ’, ‘രക്തച്ചുഴി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനുമായ ആരി അർജുൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര സുബ്രഹ്മണ്യ ശിവ, ആദിത്യ കതിർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘വൈഗ’, സത്യരാജ് നായകനായ ‘ദീർഘദർശി’ എന്നീ ചിത്രങ്ങൾക്ക് ശേഷം സുന്ദര പാണ്ഡ്യൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
സംഗീതം: ധരൻ കുമാർ
ഛായാഗ്രഹണം: ജെ. ലഷ്മൺ
എഡിറ്റിങ്: റാം സുദർശനൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂര്യപ്രകാശ്
പിആർഒ: വാഴൂർ ജോസ്

