തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം (SIT). കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച അന്വേഷണസംഘം നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. കടകംപള്ളിക്ക് പുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിൽനിന്നും സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്.

എ. പത്മകുമാറിന്റെ മൊഴി: കേസില് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്.സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നതായാണ് സൂചന.
സ്വർണ്ണക്കൊള്ളയിൽ മുൻ മന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് മൊഴിയെടുപ്പ് വൈകിയതെന്ന ആക്ഷേപവും ശക്തമാണ്.അന്വേഷണസംഘം ശേഖരിച്ച മൊഴികൾ വരും ദിവസങ്ങളിൽ കോടതിയിൽ സമർപ്പിക്കും. കേസിൽ കൂടുതൽ ഉന്നതരുടെ പങ്കും എസ്ഐടി പരിശോധിച്ചു വരികയാണ്.
