കൊല്ലം: ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിക്കൂട്ടിലുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ ഇടപാടുകൾ ഇഡി കർശനമായി നിരീക്ഷിക്കുന്നു. ശബരിമലയ്ക്ക് പുറമെ കേരളത്തിന് അകത്തും പുറത്തുമുള്ള മറ്റ് ചില ക്ഷേത്രങ്ങളിലെ സ്വർണ്ണവും ഈ സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

കണക്കിൽപ്പെടാത്ത സ്വർണം: സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ റെയ്ഡിൽ 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ സ്ഥാപന അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
മഹാരാഷ്ട്ര ബന്ധം: ശബരിമലയിലെ സ്വർണ്ണം വേർതിരിക്കുന്ന പ്രക്രിയയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സംഘത്തിന്റെ സഹായം സ്ഥാപനം തേടിയിരുന്നതായി ഇഡി കണ്ടെത്തി. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വത്തുക്കൾ ഇഡി ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ സമാനമായ നടപടികളുണ്ടാകും.സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ വലിയ ക്രമക്കേടുകൾ നടന്നതായും സ്വർണ്ണം വേർതിരിക്കുന്നതിന്റെ മറവിൽ വൻതോതിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും ഇഡി സംശയിക്കുന്നു.സ്മാർട്ട് ക്രിയേഷൻസ് ഏതൊക്കെ ക്ഷേത്രങ്ങളിലെ സ്വർണ്ണമാണ് കൈകാര്യം ചെയ്തതെന്ന പട്ടിക ഇഡി തയ്യാറാക്കുകയാണ്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റ് പ്രധാന ക്ഷേത്രങ്ങളിലെ സ്വർണ്ണ ഉരുപ്പടികളുടെ തൂക്കത്തിലും മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
