തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറും നൽകിയ മൊഴികൾ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്നു. പ്രതിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനകളാണ് മൊഴിപ്പകർപ്പുകളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.
മന്ത്രിയാകുന്നതിന് മുൻപ് തന്നെ കടകംപള്ളി സുരേന്ദ്രനുമായി തനിക്ക് അടുത്ത പരിചയമുണ്ട്.
ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി തന്റെ പുളിമാത്തെ വീട്ടിൽ എത്തിയിട്ടുണ്ട്. ഇതൊരു സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് പ്രതിയുടെ അവകാശവാദം.

എ. പദ്മകുമാറിന്റെ മൊഴി: * താൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ കടകംപള്ളിക്കും തന്ത്രി കണ്ഠര് രാജീവർക്കും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു.തിരുവനന്തപുരം സ്വദേശിയെന്ന നിലയിലുള്ള പരിചയമാണ് ഉണ്ണികൃഷ്ണൻ പോറ്റി അവകാശപ്പെടുന്നതെങ്കിലും, സ്വർണ്ണക്കടത്ത് പോലുള്ള അതീവ ഗൗരവകരമായ ഒരു കേസിൽ മുഖ്യപ്രതിയുമായുള്ള മന്ത്രിയുടെ വ്യക്തിപരമായ ബന്ധം അന്വേഷണ ഏജൻസികൾ ഗൗരവമായാണ് കാണുന്നത്. പ്രതിയുടെ വീട്ടിൽ മന്ത്രി നടത്തിയ സന്ദർശനം എന്തിനായിരുന്നു എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കും.ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഓരോന്നായി പുറത്തുവരുന്നത് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുമെന്ന് ഉറപ്പാണ്.
