BREAKING NEWS


ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടി അന്വേഷണം ഊർജ്ജിതമാക്കി; സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

By sanjaynambiar
shabarimala ayya

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടപടികൾ കടുപ്പിക്കുന്നു. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് കേസിൽ നിർണ്ണായകമായ രണ്ട് അറസ്റ്റുകൾ കൂടി രേഖപ്പെടുത്തിയത്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരാണ് പിടിയിലായത്.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയാണ് പങ്കജ് ഭണ്ഡാരിയിലേക്കും ഗോവർധനിലേക്കും അന്വേഷണം എത്തിച്ചത്.ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസിൽ എത്തിച്ചാണ് വേർതിരിച്ചെടുത്തതെന്ന് എസ്.ഐ.ടി കണ്ടെത്തി.സ്വർണവുമായി ബന്ധപ്പെട്ട തിരിമറിയിലൂടെ പങ്കജ് ഭണ്ഡാരി വൻതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ സ്മാർട്ട് ക്രിയേഷൻസ് ഉടമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഗോവർധനാണ്. സ്വർണം വേർതിരിച്ചെടുക്കുന്ന സമയത്ത് ഇയാൾ പോറ്റിക്കൊപ്പമുണ്ടായിരുന്നു.മുമ്പ് രണ്ടുതവണ പങ്കജിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഒരാഴ്ച മുമ്പ് കേരളത്തിലേക്ക് വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തെങ്കിലും കുടുംബപരമായ അത്യാവശ്യം പറഞ്ഞതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ കർശന നിലപാട് വന്നതോടെ ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

​ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, പത്മകുമാർ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പുതിയ അറസ്റ്റുകളോടെ സ്വർണക്കൊള്ളയ്ക്ക് പിന്നിലെ കൂടുതൽ കണ്ണികളെ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *