തിരുവനന്തപുരം: കേരള സർക്കാരിന്റെ ഭവന പദ്ധതിയായ ‘ലൈഫ് മിഷൻ’ രാജ്യത്തെ മികച്ച മാതൃകകളിൽ ഒന്നായി നീതി ആയോഗ് തിരഞ്ഞെടുത്തു. കുറഞ്ഞ ചെലവിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതികളുടെ വിഭാഗത്തിലാണ് (Best Practices) ലൈഫ് മിഷൻ ഈ നേട്ടം കൈവരിച്ചത്. ബഹുമുഖ പങ്കാളിത്തമുള്ള സാമൂഹ്യാധിഷ്ഠിത മാതൃകയാണ് ഇതെന്നും നീതി ആയോഗിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാർത്താസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പദ്ധതിയുടെ നിലവിലെ കണക്കുകൾ വിശദീകരിച്ചു.വരുന്ന ഫെബ്രുവരി മാസത്തോടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ അടിയന്തര ലക്ഷ്യം.ഇതുവരെ 6.5 ലക്ഷം വീടുകൾ നിർമ്മിക്കാനാണ് കരാർ വെച്ചിട്ടുള്ളത്. ഇതിൽ 4.07 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. 1.02 ലക്ഷം വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
ഇന്ത്യയിൽ ഭവന നിർമ്മാണത്തിനായി ഏറ്റവും കൂടുതൽ തുക നൽകുന്ന പദ്ധതിയാണിത്. സാധാരണക്കാർക്ക് 4 ലക്ഷം രൂപയും, പട്ടികവർഗ്ഗ മേഖലയിലുള്ളവർക്ക് 6 ലക്ഷം രൂപയുമാണ് സഹായമായി നൽകുന്നത്.

ലൈഫ് മിഷൻ പദ്ധതിയെ തകർക്കാൻ ശ്രമിച്ച യു.ഡി.എഫിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു.”ചെയ്യാൻ കഴിയുന്നതേ എൽ.ഡി.എഫ് സർക്കാർ പറയൂ, പറയുന്നത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യും. വയനാട്ടിൽ വീട് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ് വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോകുന്ന പ്രതിപക്ഷ നേതാവിന്റെ നയമല്ല സർക്കാരിന്റേത്. ലൈഫ് മിഷൻ പൂട്ടുമെന്ന് മുൻപ് പ്രഖ്യാപിച്ചവർ ഇപ്പോൾ കണക്കുകൾ കണ്ട് പഠിക്കണം.” – മന്ത്രി പറഞ്ഞു.
