ദുബായ്/കോട്ടയം: ലുലു ഗ്രൂപ്പ് സ്ഥാപനമായ അൽ തയ്യിബ് ഇന്റർനാഷണലിലെ ലോജിസ്റ്റിക്സ് മാനേജരും കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയുമായ ജോജോ ജേക്കബ് (53) ദുബായിൽ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മുഹൈസിനയിലെ ലുലു വില്ലേജിൽ നിന്ന് ഓഫീസിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അൽ നഹ്ദ എൻ.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജോജോ. ഉദ്യോഗസ്ഥൻ എന്നതിലുപരി മികച്ചൊരു കായികതാരം കൂടിയായിരുന്നു അദ്ദേഹം.
എം.ജി സർവകലാശാല, ബി.എസ്.എഫ്, കെ.ടി.സി എന്നിവയുടെ വോളിബോൾ ടീമുകളിൽ അംഗമായിരുന്നു.
കായികരംഗത്തും പ്രവാസലോകത്തും വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു.നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നടക്കും.
രാമപുരം പുത്തൻപുരയ്ക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്.
ഭാര്യ: ജെയിൻ (നടുവറ്റം തക്കുറ്റിമ്യാലിൽ കുടുംബാംഗം).
മക്കൾ: ക്രിസിൻ മരിയ (ഓസ്‌ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.
