യുകെയിലെ ആരോഗ്യമേഖലയിൽ മലയാളി സമൂഹം ഒരിക്കൽക്കൂടി അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം ലഭിച്ചു. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി. യുകെയിലെ മലയാളി നഴ്സിങ് പ്രൊഫഷണലുകൾക്ക് വലിയ പ്രചോദനമാകുന്ന നേട്ടമാണിത്.

നിലവിൽ നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എഡ്യൂക്കേറ്ററാണ് നവീൻ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കോച്ച്, പ്രൊഫഷണൽ നഴ്സ് അഡ്വക്കറ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. വെറും ആറു വർഷം മാത്രം നീണ്ട യുകെ സേവന പരിചയം കൊണ്ടാണ് നവീൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ബ്ലാക്ക്, ഏഷ്യൻ, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽപ്പെട്ട നഴ്സിങ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടന്റെ ഈ പുരസ്കാരം, നൂതനമായ പ്രോജക്റ്റുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവർക്കാണ് നൽകുന്നത്.
“പ്രചോദനം നൽകാനും മറ്റുള്ളവർക്ക് മാർഗദർശിയാകാനുമുള്ള നവീന്റെ കഴിവാണ് അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ സംഭാവന,” എന്നാണ് നോമിനേറ്റർ അഭിപ്രായപ്പെട്ടത്.
’റൈസിങ് സ്റ്റാർ’ പുരസ്കാരത്തിന് പുറമെ, നവീൻ ഹരികുമാർ പ്രവർത്തിക്കുന്ന ടീം എച്ച്എസ്ജെ അവാർഡ്‌സ് 2025-ൽ (HSJ Awards 2025) തിളങ്ങി. ‘പേഷ്യന്റ് സേഫ്റ്റി’ (Patient Safety) വിഭാഗത്തിൽ ടീം ‘ഹൈലി കമൻഡഡ്’ ആയി തിരഞ്ഞെടുക്കപ്പെടുകയും, ‘നഴ്സ് നേതൃത്വത്തിലുള്ള രോഗീ സുരക്ഷാ സംരംഭങ്ങൾ’ (Nurse led patient safety initiative) എന്ന ഉപവിഭാഗത്തിൽ വിജയികളാവുകയും ചെയ്തു. രോഗീപരിചരണ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ ക്ലിനിക്കൽ പ്രാക്ടീസ് എഡ്യൂക്കേറ്റർ എന്ന നിലയിൽ നവീൻ നിർണായക പങ്ക് വഹിച്ചതായി വിലയിരുത്തപ്പെട്ടു.
ആലപ്പുഴ തിരുവമ്പാടിയാണ് നവീന്റെ സ്വദേശം. ആലപ്പുഴയിലെ ലിയോ XIII ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് അദ്ദേഹം ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗവൺമെന്റ് കോളജ് ഓഫ് നഴ്സിങ്, ആലപ്പുഴയിൽ നിന്നാണ് നഴ്സിങ് ബിരുദം നേടിയത്. നിലവിൽ ക്യൂൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ ഹയർ എജ്യുക്കേഷനിൽ പി.ജി. ഡിപ്ലോമ (PG Dip in Higher Education) ചെയ്യുകയാണ്.
ഹരികുമാർ-ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ അഥീന ബി ചന്ദ്രൻ, മകൾ ഇതൾ മേ നവീൻ.
പ്രൊഫഷണൽ രംഗത്തെ സംഭാവനകൾക്ക് പുറമെ, യുകെയിലെ മുപ്പതിലധികം ബ്രാഞ്ചുകളുള്ള കൈരളി യുകെയുടെ ദേശീയ സെക്രട്ടറി ആയും നവീൻ പ്രവർത്തിക്കുന്നു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.
