കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ നടക്കുന്ന തൊഴിലാളികളുടെ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്ത്. അഞ്ച് മാസമായി ജീവനക്കാരുടെ ശമ്പളം നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്നും വിശുദ്ധ റംസാൻ മുന്നിലെത്തിയിട്ടും പ്രശ്നത്തിൽ തീരുമാനമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു.

ജോലി ചെയ്തതിന് പ്രതിഫലം വൈകിക്കരുതെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പേരിലുള്ള സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമം, സിപിഐഎം പോലുള്ള പാർട്ടികൾക്ക് പോലും വിപ്ലവം പഠിപ്പിക്കാൻ മുന്നിലാണ് എന്ന് വസീഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി 24 മണിക്കൂർ ഉപവാസം അനുഷ്ഠിച്ച സമരം വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നിൽ ആരംഭിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്ത സമരത്തിൽ വർഷങ്ങളായി തുടരുന്ന ശമ്പള പ്രതിസന്ധി പരിഹരിക്കുക, അഞ്ചുമാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുക, ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
