ബർലിൻ: ജർമ്മനിയിലെ ബർലിനിലുണ്ടായ കനത്ത തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡി (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. താമസസ്ഥലത്ത് പടർന്ന തീയിൽനിന്നും ശ്വാസംമുട്ടിക്കുന്ന പുകയിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.
രക്ഷപ്പെടാനുള്ള ശ്രമം: കെട്ടിടത്തിൽ അതിവേഗം തീ പടർന്നതോടെ പുറത്തുകടക്കാൻ മറ്റ് വഴികളില്ലാതെ വന്ന ഹൃതിക്, മുകളിലത്തെ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. താഴേക്ക് പതിച്ച ഹൃതിക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ജർമ്മനിയിലെത്തിയ ഹൃതിക്കിന്റെ മരണം പുതുവർഷ ദിനത്തിലാണ് സ്ഥിരീകരിച്ചത്. ഈ വാർത്തയുടെ ഞെട്ടലിലാണ് സഹപാഠികളും നാട്ടിലുള്ള ബന്ധുക്കളും.

