തിരുവനന്തപുരം: വടക്കാഞ്ചേരി കോഴ വിവാദത്തിൽ സി.പി.ഐ.എം ഒരുതരത്തിലുള്ള അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ജനവിധി എപ്പോഴും അംഗീകരിക്കുന്നതാണ് പാർട്ടിയുടെ രീതിയെന്നും ആരെയും ചാക്കിട്ടു പിടിക്കാൻ എൽ.ഡി.എഫ് ശ്രമിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണം നടക്കട്ടെ: വടക്കാഞ്ചേരിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളെക്കുറിച്ച് പാർട്ടി പരിശോധിക്കും. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കുന്ന രീതി സി.പി.ഐ.എമ്മിനില്ല. വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിഷയങ്ങളിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. മതനിരപേക്ഷമായ സമീപനങ്ങളെയാണ് പാർട്ടി എപ്പോഴും പിന്തുണയ്ക്കുന്നത്.

സ്കൂൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം. എന്നാൽ വെള്ളാപ്പള്ളിയുടെ എല്ലാ നിലപാടുകളെയും പാർട്ടിക്ക് അംഗീകരിക്കാനാവില്ല. സ്വീകാര്യമല്ലാത്ത നിലപാടുകളെ തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
