സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ക്ലാസിക് ഇടങ്കയ്യൻ ബാറ്റർ ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റോടെ താൻ പാഡഴയ്ക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ സഹതാരങ്ങളെ വിവരം അറിയിച്ച ഖവാജ, നന്ദിയോടെയും സംതൃപ്തിയോടെയുമാണ് പടിയിറങ്ങുന്നതെന്ന് വ്യക്തമാക്കി.

തുടക്കവും ഒടുക്കവും ഒരേ മണ്ണിൽ: 2011-ൽ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിനും ടെസ്റ്റ് അരങ്ങേറ്റത്തിനും സാക്ഷ്യം വഹിച്ച അതേ സിഡ്‌നി ഗ്രൗണ്ടിൽ തന്നെ ഖവാജ തന്റെ 88-ാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിക്കുന്നു എന്ന സവിശേഷതയുമുണ്ട്. പാകിസ്ഥാനിൽ ജനിച്ച ഖവാജ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ് അണിയുന്ന ആദ്യ ഇസ്ലാം മതവിശ്വാസിയാണ്. റിക്കി പോണ്ടിംഗിന് പരിക്കേറ്റതിനെ തുടർന്ന് ടീമിലെത്തിയ അദ്ദേഹം 15 വർഷം നീണ്ട കരിയറിൽ 6000-ത്തിലധികം ടെസ്റ്റ് റൺസ് സ്വന്തമാക്കി.
2021-22 ആഷസ് പരമ്പരയിൽ സിഡ്‌നിയിൽ നേടിയ ഇരട്ട സെഞ്ചുറി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായിരുന്നു.അംഗീകാരങ്ങൾ: 2023-ലെ ആഷസ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ ഖവാജയെ തേടി അതേ വർഷത്തെ ഐസിസി ‘ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ’ ബഹുമതിയുമെത്തി.
