BREAKING NEWS


ബേപ്പൂരിൽ റിയാസ് – അൻവർ അങ്കത്തിന് കളമൊരുങ്ങുന്നു; പ്രചാരണം ആരംഭിച്ച് പി.വി. അൻവർ

By sanjaynambiar
riyas

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാൻ പി.വി. അൻവർ സജ്ജനാകുന്നു. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും കണ്ട് അൻവർ അനൗപചാരിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

​യുഡിഎഫ് പിന്തുണ: നിലവിൽ യുഡിഎഫിന്റെ അസോസിയേറ്റഡ് അംഗമായ അൻവർ ബേപ്പൂരിൽ മത്സരിക്കുന്നതിനോട് യുഡിഎഫിനും അനുകൂല നിലപാടാണുള്ളത്. ഇതോടെ മണ്ഡലത്തിൽ റിയാസും അൻവറും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് സാധ്യതയേറി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റിയാസിനുമെതിരേ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് അൻവർ ഇടത് മുന്നണി വിട്ടത്. റിയാസിനെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ നേരിടുമെന്ന വെല്ലുവിളിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

പഴയ പോരാട്ടം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അൻവറിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്നാൽ യുഡിഎഫ് സഹകരണത്തോടെ ബേപ്പൂരിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നാണ് അൻവർ പക്ഷത്തിന്റെ പ്രതീക്ഷ.

​1982 മുതൽ ഇടതുപക്ഷത്തിന്റെ കോട്ടയായാണ് ബേപ്പൂർ അറിയപ്പെടുന്നത്. 2021-ൽ കോൺഗ്രസിന്റെ പി.എം. നിയാസിനെ പരാജയപ്പെടുത്തിയാണ് പി.എ. മുഹമ്മദ് റിയാസ് നിയമസഭയിലെത്തിയത്. ഈ ചുവപ്പ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ അൻവറിന് കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *