BREAKING NEWS


ചികിത്സാപിഴവ്: നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയ യുവതി കോടതിയിലേക്ക്; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

By sanjaynambiar
sumayya

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടയിൽ നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ നീതി തേടി സുമയ്യ കോടതിയിലേക്ക്. കിള്ളി കൊല്ലോട് സ്വദേശിനിയായ സുമയ്യ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ന് വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്യും.

​2023 മാർച്ച് 15-നാണ് സുമയ്യ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ശാരീരിക അസ്വസ്ഥതകൾ തുടർന്നതോടെ നടത്തിയ സ്കാനിങ്ങിലാണ് ഗൈഡ് വയർ നെഞ്ചിനുള്ളിൽ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. നിലവിൽ ഈ വയർ പുറത്തെടുക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

​സർക്കാർ അവഗണന: ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ സമ്മതിച്ചിട്ടും, അർഹമായ നഷ്ടപരിഹാരമോ സർക്കാർ ജോലിയോ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
​മെഡിക്കൽ ബോർഡ് റിപ്പോർട്ട്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വസ്തുതകൾക്ക് വിരുദ്ധമാണെന്ന് സുമയ്യ ആരോപിക്കുന്നു.നടപടിയില്ലാത്ത പരാതികൾ: മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് പരാതി നൽകിയിട്ടും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. കന്റോൺമെന്റ് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ സുമയ്യ തീരുമാനിച്ചത്. തന്റെ ആരോഗ്യത്തെയും ഭാവിയെയും ബാധിച്ച ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം

Spread the love

Leave a Reply

Your email address will not be published. Required fields are marked *