BREAKING NEWS


പ്രോജക്റ്റ് 17 ആല്‍ഫ; രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു.

By sanjaynambiar
samakalikamalayalam 2025 08 26 fqh77e6n ins udayagiri

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്ന് രണ്ട് നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍ കമ്മീഷന്‍ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഹിമഗിരി, ഐഎന്‍എസ് ഉദയഗിരി എന്നിവ നാവികസേനയുടെ ഭാഗമായത്. പ്രോജക്റ്റ് 17 ആല്‍ഫ (P-17A) യുടെ ഭാഗമായാണ് രണ്ടു യുദ്ധക്കപ്പലുകളും ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ചത്.

നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഐഎന്‍എസ് നീലഗിരി ഈ വര്‍ഷം ആദ്യമാണ് കമ്മീഷന്‍ ചെയ്തത്. ഹിമഗിരിയുടെയും ഉദയഗിരിയുടെയും ഘടക ഉല്‍പ്പന്നങ്ങളില്‍ 75 ശതമാനത്തിലധികവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. രണ്ട് കപ്പല്‍ശാലകളില്‍ നിര്‍മ്മിച്ച രണ്ട് പ്രധാന യുദ്ധക്കപ്പലുകള്‍ ഒരേ സമയം കമ്മീഷന്‍ ചെയ്യുന്നത് ഇതാദ്യമായാണ്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്‌സിലാണ് ഹിമഗിരി നിര്‍മ്മിച്ചത്. മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സാണ് ഉദയഗിരിയുടെ നിര്‍മ്മാതാവ്. ഈ ഇരട്ട കമ്മീഷന്‍ ഇന്ത്യയുടെ വളരുന്ന കപ്പല്‍ നിര്‍മ്മാണ വൈദഗ്ധ്യത്തെ കാണിക്കുന്നതായി അധികൃതര്‍ പറയുന്നു.

കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ രണ്ട് ഫ്രിഗേറ്റുകളും ഈസ്‌റ്റേണ്‍ ഫ്‌ലീറ്റിന്റെ ഭാഗമാകും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം സമുദ്ര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഈ രണ്ടു യുദ്ധക്കപ്പലുകളും കരുത്തുപകരും. ഏകദേശം 6,700 ടണ്‍ ഭാരമുള്ള ഫ്രിഗേറ്റുകളാണ് ഇവ. മുന്‍കാല ശിവാലിക്-ക്ലാസ് ഫ്രിഗേറ്റുകളേക്കാള്‍ ഏകദേശം അഞ്ച് ശതമാനം വലുതാണ് ഈ രണ്ടു യുദ്ധക്കപ്പലുകളും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *