BREAKING NEWS


വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ തട്ടിക്കൂട്ട് പണി നടത്തി;  റിപ്പോർട്ട്‌ സമർപ്പിച്ച് കളക്ടർ

By sanjaynambiar
thrissur paliyekkara toll plaza

കൊച്ചി : വീണ്ടും ടോൾ പിരിക്കാൻ മണ്ണുത്തി-ഇടപ്പള്ളി പാതയിൽ ദേശീയ പാത അതോറിറ്റിയും ടോൾ കമ്പനിയും തട്ടിക്കൂട്ട് പണി നടത്തിയെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവരോടൊപ്പം പരിശോധന നടത്തിയാണ് ജില്ലാ കളക്ടർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

സർവീസ് റോഡുകൾ ടാർ ചെയ്തതിന്റെ പോരായ്മകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട് റിപ്പോർട്ടിൽ. വലിയ വാഹനങ്ങൾ കയറിപ്പോയാൽ ഉടൻ പഴയ സ്ഥിതിയിലാകും. അടിപ്പാത നിർമാണത്തിൽ വേഗം പോര തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി പാലിയേക്കരയിലെ ടോൾ പിരിക്കുന്നത് നിർത്തിവെച്ച നടപടി നീട്ടിവെച്ചത്.ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദംകേൾക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുതിയ പരിശോധന നടത്താൻ തൃശ്ശൂർ ജില്ലാ കളക്ടറോടും ഇടക്കാല ഗതാഗത മാനേജ്മെന്റ് കമ്മിറ്റിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അടുത്ത വാദം കേൾക്കുന്ന സെപ്റ്റംബർ ഒമ്പത് വരെ ടോൾ പിരിവിനുള്ള ഇടക്കാല സ്റ്റേ കോടതി നീട്ടുകയും ചെയ്തിട്ടുണ്ട്. ദേശീയപാത 544-ലെ മണ്ണുത്തി-ഇടപ്പള്ളി ഭാഗത്ത്, പ്രത്യേകിച്ച് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം, എൻഎച്ച്എഐ അനുവദിച്ച അടിപ്പാത പദ്ധതികൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് സംബന്ധിച്ച് സമർപ്പിച്ച റിട്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത്.നിയന്ത്രിക്കാനാവാത്ത ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി, ഈ മാസം ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. ഈ തീരുമാനം ഓഗസ്റ്റ് 18-ന് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

ഗതാഗതം വഴിതിരിച്ചുവിടുന്നതും സർവീസ് റോഡുകളുടെ അപര്യാപ്തതയുമാണ് തുടർച്ചയായുള്ള ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് ഇടക്കാല ഗതാഗത നിയന്ത്രണ സമിതി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സർവീസ് റോഡുകളുടെ ശാസ്ത്രീയമായ അറ്റകുറ്റപ്പണികളും ബലപ്പെടുത്തലുമാണ് ശാശ്വതമായ ഒരേയൊരു പരിഹാരം. അനുവദിക്കുന്നിടത്തെല്ലാം സർവീസ് പാതകൾ വീതികൂട്ടാനും സമിതി ശുപാർശ ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *