ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. പ്രമുഖ വിദ്യാർത്ഥി നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ തലസ്ഥാനമായ ധാക്കയിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്നത്. പ്രമുഖ മാധ്യമ ഓഫീസുകൾക്ക് തീയിട്ട പ്രതിഷേധക്കാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.

ബുധനാഴ്ച രാത്രിയോടെയാണ് ധാക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അക്രമാസക്തമായത്. രാജ്യത്തെ പ്രമുഖ പത്രങ്ങളായ ‘ഡെയ്ലി സ്‌റ്റാർ’, ‘പ്രോഥം ആലോ’ എന്നിവയുടെ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പ്രതിഷേധക്കാർ തീയിട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും അതീവ ദുഷ്കരമായ സാഹചര്യത്തിലാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. മുൻ ഭരണകക്ഷിയായ അവാമി ലീഗുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കും നേരെയും വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024-ൽ ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുൻനിര പോരാളിയായിരുന്നു 32-കാരനായ ഷരീഫ് ഒസ്‌മാൻ ഹാദി. ‘ഇൻക്വിലാബ് മഞ്ചിന്റെ’ വക്താവായിരുന്ന ഹാദിക്കിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ധാക്കയിൽ വെച്ച് വെടിയേറ്റത്. സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയിലിരിക്കെ വ്യാഴാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി. ഹാദിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് അനുയായികൾ രംഗത്തെത്തിയതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്
