ന്യൂഡൽഹി: തുർക്ക്മാൻ ഗേറ്റിലെ ഫൈസി ഇലാഹി മസ്ജിദിന് സമീപത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (SIT) നിയോഗിച്ച് ഡൽഹി പോലീസ്. പോലീസിന് നേരെ കല്ലെറിഞ്ഞതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അഞ്ച് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെൻട്രൽ ഡൽഹി പോലീസിലെ ഒരു ഇൻസ്പെക്ടറും നാല് സബ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നും സംഘം പരിശോധിക്കും.

പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഡൽഹി പോലീസിന് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ (RAF) തുർക്ക്മാൻ ഗേറ്റ് പരിസരത്ത് വിന്യസിച്ചു.
മേഖലയിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഡ്രോൺ നിരീക്ഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്.
അനധികൃത കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കത്തെ നാട്ടുകാർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
