കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ്. ബന്ധം മുന്നണിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് എഴുത്തുകാരനും സാമൂഹിക വിമർശകനുമായ എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. നിഷ്പക്ഷ വോട്ടർമാരെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാരശ്ശേരി പഞ്ചായത്തിലെ ചോനാട് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുമായി ആരു കൂട്ടുകൂടുന്നതിനെയും താൻ എതിർക്കുന്നു. അവർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്. വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് യു.ഡി.എഫ് കാണിച്ച ഒരു അബദ്ധമാണെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു.
മതരാഷ്ട്രവാദത്തെ എതിർക്കണം:
”ജമാഅത്തെ ഇസ്ലാമി ബന്ധം യു.ഡി.എഫിന് ലാഭത്തേക്കാൾ അധികം നഷ്ടമുണ്ടാക്കുമെന്നാണ് ഞാൻ കരുതുന്നത്. കാരണം, ഇവിടുത്തെ നിഷ്പക്ഷ വോട്ടർമാരെ തീർച്ചയായും അത് സ്വാധീനിക്കും. ഹിന്ദു രാഷ്ട്രവാദികളെ എതിർക്കുന്നത് പോലെത്തന്നെ ഇസ്ലാമിക രാഷ്ട്രവാദികളെയും എതിർക്കണം. ജനാധിപത്യം എന്നത് മതേതരത്വത്തിലും ദേശീയതയിലും അധിഷ്ഠിതമായ ഒന്നാണ്,” അദ്ദേഹം പറഞ്ഞു.
മൗദൂദി തത്ത്വങ്ങൾ തള്ളിപ്പറഞ്ഞിട്ടില്ല:
മതേതരത്വത്തിലോ ദേശീയതയിലോ ജനാധിപത്യത്തിലോ വിശ്വാസമില്ലാത്തവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. അവർക്ക് വിശ്വാസമുണ്ട് എന്ന് ഇപ്പോൾ പറയുന്നത് കാപട്യമാണ്. പാകിസ്താനിലും ബംഗ്ലാദേശിലും മ്യാൻമറിലും ശ്രീലങ്കയിലും ഒക്കെ അവരുടെ യഥാർത്ഥ മുഖം വെളിപ്പെട്ടതാണ്.
”മതരാഷ്ട്രവാദം പ്രചരിപ്പിച്ച അബുൽ അലാം മൗദൂദിയുടെ പുസ്തകങ്ങൾ ഇപ്പോഴും അച്ചടിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. മതേതരത്വത്തിനും ജനാധിപത്യത്തിനും ദേശീയതക്കും എതിരായ സിദ്ധാന്തം ഉണ്ടാക്കിയ ഇസ്ലാമിക രാഷ്ട്രവാദിയാണ് അവരുടെ സ്ഥാപകൻ. ആ സ്ഥാപകനെ അവർ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. തള്ളിപ്പറഞ്ഞാൽ ജമാഅത്തെ ഇസ്ലാമി ഇല്ലാതാകും,” കാരശ്ശേരി വ്യക്തമാക്കി.
