ന്യൂഡൽഹി: രാജ്യസഭയിൽ നടന്ന ശൂന്യവേളയിൽ കോൺഗ്രസ് എം.പി. ജെബി മേത്തർ നടത്തിയ ‘മുന്ന’ പരാമർശം ശ്രദ്ധേയമായി. സി.പി.എം. എം.പി. ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശം.കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനിടെയാണ് ജെബി മേത്തർ പ്രാദേശിക തിരഞ്ഞെടുപ്പുകളെക്കുറിച്ചും ‘മുന്ന’യെക്കുറിച്ചുമുള്ള പരാമർശം നടത്തിയത്. ആരോഗ്യരംഗത്തെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെ വിമർശിച്ചപ്പോൾ, സഭയിലുണ്ടായിരുന്ന ഇടതുപക്ഷ എം.പി. ജോൺ ബ്രിട്ടാസ് ഇടപെടാൻ ശ്രമിച്ചു. ഇതിന് മറുപടിയെന്നോണമാണ് ജെബി മേത്തർ ജോൺ ബ്രിട്ടാസിനെ ലക്ഷ്യമിട്ടുള്ള വാക്കുകൾ പ്രയോഗിച്ചത്.

“കേരളം ഇപ്പോൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മാറ്റത്തിന്റെ പുതിയ ചരിത്രം കുറിക്കുകയാണ്. ജനങ്ങളെ മറന്ന ‘മുന്ന’മാരുടെയും, പാലം പണിയുന്നവരുടെയും, അന്തസ്സില്ലാത്ത ‘അന്തർധാര’ അവസാനിപ്പിക്കുന്നതിനുമായി കേരള ജനത വിധിയെഴുതും. ഇത് ഒരു തുടക്കം മാത്രമാണ്. വലിയ വെടിക്കെട്ടാണ് വരാനിരിക്കുന്നത്.”
ഇടതുപക്ഷ എം.പി.യുടെ ഇടപെടലിനെത്തുടർന്ന് കോൺഗ്രസ് എം.പി. നടത്തിയ ഈ പ്രതികരണം രാജ്യസഭയിൽ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു.
