ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷം ആദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (CPC) പ്രതിനിധി സംഘം ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദർശനം നടത്തി. തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ച, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർണ്ണായകമായ ‘പാർട്ടി-ടു-പാർട്ടി’ ചർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി ആസ്ഥാനത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തി.
സിപിസിയുടെ അന്താരാഷ്ട്ര വിഭാഗം വൈസ് മിനിസ്റ്റർ സൺ ഹൈയാൻ നയിച്ച ആറംഗ സംഘമാണ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ്ങും ചർച്ചയിൽ പങ്കെടുത്തു. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ്, വിദേശകാര്യ വിഭാഗം ഇൻചാർജ് വിജയ് ചൗധായിവാലേ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘമാണ് ചൈനീസ് സംഘത്തെ സ്വീകരിച്ചത്.

ഇരു പാർട്ടികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.
2020-ലെ ഗൽവാൻ സംഘർഷത്തിന് ശേഷം മരവിച്ചുപോയ രാഷ്ട്രീയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇതിലൂടെ ഊർജിതമാക്കി.ചൈന സന്ദർശിക്കാനായി ബിജെപി നേതാക്കളെ സിപിസി സംഘം ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബിജെപി ആസ്ഥാനത്തെ സന്ദർശനത്തിന് പിന്നാലെ ചൊവ്വാഴ്ച ആർഎസ്എസ് ആസ്ഥാനമായ ഝണ്ഡേവാലനിലെ കേശവ് കുഞ്ചിലും ചൈനീസ് സംഘമെത്തി. ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബലേയുമായി മുപ്പത് മിനിറ്റോളം സംഘം കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഇതൊരു മര്യാദ സന്ദർശനം (Courtesy Call) മാത്രമായിരുന്നുവെന്നും ചൈനീസ് ഭാഗത്തുനിന്നുള്ള അഭ്യർത്ഥന പ്രകാരമാണ് കൂടിക്കാഴ്ച നടന്നതെന്നും ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു.
അതിർത്തിയിൽ ചൈന കടന്നുകയറ്റം തുടരുമ്പോൾ ബിജെപി നേതാക്കൾ ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. അരുണാചൽ പ്രദേശിൽ ഗ്രാമങ്ങൾ നിർമ്മിക്കുന്ന ചൈനയുമായി ബിജെപി എന്ത് രഹസ്യ കരാറാണ് ഉണ്ടാക്കുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദിച്ചു. വരും ദിവസങ്ങളിൽ സൽമാൻ ഖുർഷിദിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘത്തെയും ചൈനീസ് സംഘം സന്ദർശിക്കുമെന്നാണ് സൂചന.
