BREAKING NEWS


കുഞ്ഞുമാലാഖയ്ക്ക് വിട;ഔദ്യോഗിക ബഹുമതികളോടെ ആലിൻ ഷെറിന്റെ മൃതദേഹം സംസ്കരിച്ചു

By sanjaynambiar

പത്തനംതിട്ട: നന്മയുടെ സന്ദേശം ലോകത്തേക്ക് പകർന്ന കുഞ്ഞ് ആലിൻ ഷെറിന്  വേദനയോടെ വിടനൽകി നാട്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിലെ സെമിത്തേരിയിലാണ് ആലിന്റെ സംസ്കാരം നടന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സേന ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെ ആദരമർപ്പിച്ചു.

അന്ത്യാഞ്ജലി അർപ്പിക്കാൻ മല്ലപ്പള്ളിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. ആശുപത്രിയിലും വീട്ടിലും പള്ളിയിലുമായാണ് പൊതുദർശനം നടന്നത്. രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. പള്ളിയിലെ പൊതുദർശനത്തിൽ വീനാ ജോർജ്യും സുരേഷ് ഗോപിയും പങ്കെടുത്തു.

ഫെബ്രുവരി 5ന് എംസി റോഡിൽ പള്ളം ബോർമ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുടുംബം അവയവദാനത്തിന് സമ്മതിച്ചു. വൃക്കകൾ, കരൾ, ഹൃദയവാൽവ്, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിൻ മാറി. വെറും പത്ത് മാസം മാത്രം ജീവിച്ചെങ്കിലും തന്റെ അവയവങ്ങളിലൂടെ നാല് പേർക്കാണ് പുതുജീവിതം നൽകി ആലിൻ ഈ ലോകത്തോട് വിടപറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *