മുംബൈ: സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളി താരം അസിൻ ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇപ്പോൾ അസിനുമായുള്ള വിവാഹത്തിന്റെ പത്താം വാർഷിക വേളയിൽ ഭർത്താവും മൈക്രോമാക്സ് സഹസ്ഥാപകനുമായ രാഹുൽ ശർമ്മ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തന്റെ ജീവിതത്തിലെ എല്ലാ വലിയ വിജയങ്ങൾക്കും പിന്നിലെ ചാലകശക്തി അസിനാണെന്ന് രാഹുൽ കുറിപ്പിൽ പറയുന്നു.

”ആനന്ദഭരിതമായ 10 വർഷങ്ങൾ. എന്റെ ജീവിതത്തിൽ വിലപ്പെട്ട എല്ലാത്തിന്റെയും അതിശയിപ്പിക്കുന്ന സഹസ്‌ഥാപകയാണ് അവൾ. ഒരു ഹൈ-ഗ്രോത്ത് സ്‌റ്റാർട്ടപ്പിനെ എന്നപോലെ നീ നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും എന്നെന്നും നയിക്കട്ടെ. നിന്റെ ജീവിതത്തിന്റെ സെറ്റിൽ എല്ലാ ദിവസവും ഞാൻ ഹാജരുണ്ടാകും.” – രാഹുൽ ശർമ്മ എക്സിൽ (X) കുറിച്ചു.
വിവാഹദിനത്തിലെ രസകരമായ ഒരു ചിത്രവും ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷവുമാണ് രാഹുൽ പങ്കുവെച്ചത്.
അക്ഷയ് കുമാർ ഒരുക്കിയ ആ ‘ഒളിച്ചുകളി’
അസിൻ-രാഹുൽ പ്രണയത്തിന് പിന്നിലെ രസകരമായ കഥയും ഇപ്പോൾ വീണ്ടും ചർച്ചയാകുന്നുണ്ട്. നടൻ അക്ഷയ് കുമാറാണ് ഇരുവരെയും തമ്മിൽ പരിചയപ്പെടുത്തിയത്. ‘ഹൗസ്‌ഫുൾ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു ഒളിച്ചുകളി മത്സരത്തിൽ ഇരുവരെയും ഒരേ അലമാരയ്ക്കുള്ളിൽ ഒളിക്കാൻ വിട്ട അക്ഷയ് കുമാറിന്റെ തന്ത്രപരമായ നീക്കമാണ് പ്രണയത്തിന് തുടക്കമിട്ടത്. നാല് വർഷത്തോളം ഇവരുടെ ബന്ധം രഹസ്യമായി സൂക്ഷിക്കാൻ സഹായിച്ചതും അക്ഷയ് കുമാറായിരുന്നു.
തമിഴിലും ഹിന്ദിയിലും ‘ഗജിനി’ എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച അസിൻ, 2016-ലാണ് രാഹുൽ ശർമ്മയെ വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് പൂർണ്ണമായും വിട്ടുനിന്ന താരം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താൽപ്പര്യപ്പെട്ടത്. 2017-ൽ ഇവർക്ക് ആരിൻ റയ്ൻ എന്ന മകൾ ജനിച്ചു. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും അസിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്.
