ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിനെത്തുടർന്ന് വിമാനക്കമ്പനികൾ യാത്രക്കൂലി കുത്തനെ വർദ്ധിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ കർശന ഇടപെടലിന് വഴിയൊരുക്കി. പ്രതിസന്ധി ഘട്ടം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

കോവിഡ് മഹാമാരിയുടെ സമയത്ത് ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണമാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. പ്രതിസന്ധി ബാധിച്ച എല്ലാ റൂട്ടുകളിലും ടിക്കറ്റ് നിരക്കിന് പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ച പരിധിക്ക് മുകളിലുള്ള തുക ഈടാക്കാൻ പാടില്ല.
വിമാന ടിക്കറ്റ് നിരക്കുകൾ അസാധാരണമാംവിധം ഉയരുന്നതിലുള്ള ആശങ്കകൾ ഗൗരവമായി കാണുന്നുവെന്നും, ഈ അവസരം മുതലെടുത്ത് യാത്രക്കൂലി വർദ്ധിപ്പിക്കുന്നതിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാനാണ് മന്ത്രാലയം ഇടപെട്ടതെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഈ നിരക്ക് നിയന്ത്രണം കർശനമായി തുടരും.
വിമാനക്കമ്പനികൾ വ്യോമയാന മന്ത്രിയുടെ നിർദേശം പോലും മുഖവിലക്കെടുത്തില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കുകൾ. ഇന്ന് ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യയുടെ നോൺ-സ്‌റ്റോപ്പ് ടിക്കറ്റിന് 55,955 രൂപ മുതൽ 64,557 രൂപ വരെയാണ് ഈടാക്കിയിരുന്നത്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കാകട്ടെ 38,000 രൂപയും കടന്നിരുന്നു.
ഇൻഡിഗോയുടെ സർവീസുകൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് യാത്രാ പ്രതിസന്ധിയിലായവർക്ക് മറ്റു വിമാനക്കമ്പനികളുടെ ഈ നിരക്ക് വർദ്ധനവ് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് ആശ്വാസമേകി കേന്ദ്രം അടിയന്തരമായി ഇടപെട്ടിരിക്കുന്നത്.
