BREAKING NEWS


ഇന്ത്യയില്‍ ആദ്യം,25 വർഷത്തെ വികസന ദിശ നിർണ്ണയിക്കാൻ കേരള നഗരനയത്തിന് മന്ത്രി സഭ അംഗീകാരം

By sanjaynambiar
town city development urban

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണ്ണയിക്കുന്നതിനായി കേരള സർക്കാർ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. രണ്ട് വർഷത്തെ പഠനങ്ങളും ചര്‍ച്ചകളും ശേഷമാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സമഗ്ര നഗര നയം രൂപപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023–24 സംസ്ഥാന ബജറ്റിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമായതിനാൽ വികസന പദ്ധതികളുടെ ഏകോപനമാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. കേരള നഗര നയ കമ്മിഷന്‍ കണക്കുകൾ പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമാകും. മലനാടും തീരദേശവും ഇടയിലുള്ള ജനസാന്ദ്ര മേഖലകളിൽ വികേന്ദ്രീകൃത നഗര വികസനം വേഗത്തിലാകുന്ന സാഹചര്യത്തിൽ പരിസ്ഥിതിയോട് ചേർന്ന ശാസ്ത്രീയ ആസൂത്രണത്തിന് നയം അടിസ്ഥാനരേഖയാകും.

നിയമ-സംവിധാന പരിഷ്‌കാരം, ഭരണക്ഷമത വർധനം, ജനകേന്ദ്രിത സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, തന്ത്രപരവും സ്ഥലപരവുമായ ആസൂത്രണം എന്നിവയെ അടിസ്ഥാനമാക്കിയാണു നയം തയ്യാറാക്കിയിരിക്കുന്നത്. 2050ലെ കേരളത്തെ ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ശൃംഖലയായി രൂപപ്പെടുത്തുക എന്ന ദൂരദർശനമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള നഗര സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സാമൂഹിക-സ്ഥലപര അസമത്വങ്ങൾ കുറയ്ക്കാനും സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും നയം ലക്ഷ്യമിടുന്നു.

2023 ഡിസംബറിൽ ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിഷൻ രൂപീകരിച്ചിരുന്നു. 2025 മാർച്ചിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിനു ശേഷം വിപുലമായ ചർച്ചകൾക്കായി കൊച്ചിയിൽ ആഗോള സമ്മേളനവും സംഘടിപ്പിച്ചു. വിവിധ തലങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി പുതുക്കിയ രൂപത്തിലാണ് ഇപ്പോൾ നഗര നയം അന്തിമമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *