തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ ആൻ്റണി രാജുവിന് ശിക്ഷാ നടപടികളിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കില്ലെന്ന് വ്യക്തമായി.

മജിസ്ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ എതിർക്കുകയും കോടതി അത് ശരിവെക്കുകയും ചെയ്തു.കേസിൽ രണ്ടാം പ്രതിയായ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹം എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടിരുന്നു.ജില്ലാ കോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ ആൻ്റണി രാജുവിന് ഇനി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.
1990-ൽ നടന്ന ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി എന്നതാണ് ആൻ്റണി രാജുവിനെതിരെയുള്ള കുറ്റം.അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയതിന് ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലി പിടിക്കപ്പെട്ടു.അന്ന് അഭിഭാഷകനായിരുന്ന ആൻ്റണി രാജു, പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയെന്നാണ് കേസ്.വലിപ്പം കുറഞ്ഞ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ച് ഹൈക്കോടതി പ്രതിയെ മുൻപ് വെറുതെ വിട്ടിരുന്നു.തെളിവ് നശിപ്പിക്കൽ, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആൻ്റണി രാജുവിനെതിരെ തെളിയിക്കപ്പെട്ടത്. നേരത്തെ ജില്ലാ സെഷൻസ് കോടതി മജിസ്ട്രേറ്റ് കോടതി വിധി താത്കാലികമായി മരവിപ്പിച്ചിരുന്നെങ്കിലും, അപ്പീൽ വിശദമായി പരിഗണിച്ച ശേഷം ഇപ്പോൾ അത് തള്ളുകയായിരുന്നു.
