ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം നടത്തിയ സംഭവത്തില്‍ ഉദയ് ഭാനു ചിബ് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് അദ്ദേഹത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി 15 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 20ന് എഐ ഇംപാക്ട് എക്സ്പോ നടക്കുന്ന ഹാളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്യുആര്‍ കോഡ് പാസും ഉപയോഗിച്ച് പ്രവേശിച്ച പത്തോളം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇവര്‍ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും മോദിയുടെയും ഡോണൾഡ് ട്രംപ്ന്റെയും ചിത്രങ്ങളോടുകൂടിയ ടി-ഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ശബ്ദം കൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
പ്രതിഷേധക്കാരെ കുറിച്ച് പ്രതികരിച്ച ചിബ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ പടയാളികളാണെന്നും ഭയന്ന് പിന്മാറില്ലെന്നും പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കാനും യുവാക്കളുടെ പ്രശ്നങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
