മലയാള സിനിമയുടെ ചരിത്രത്തെ മാറ്റി അടയാളപ്പെടുത്തുന്ന സൂപ്പർ ഹീറോയിൻ മൂവി ലോക: ചാപ്റ്റർ 1- ചന്ദ്ര വളരെ ഏറെ സന്തോഷത്തോടെ ആണ് മലയാളികൾ സ്വീകരിച്ചത്. മിന്നൽ മുരളിയും അജയന്റെ രണ്ടാം മോഷണവും മലയാളി പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവെച്ച ഫാന്റസി തകർത്തെറിഞ്ഞ് മായാലോകത്ത് ചന്ദ്ര അരങ്ങു വാഴുന്ന കാഴ്ച. അന്ന് മുതൽ മലയാളികൾ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആണ്. ഇപ്പോഴിതാ അതിനെ കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തുകയാണ് നടി കല്യാണി പ്രിയദർശൻ. രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് താരം പറഞ്ഞു കഴിഞ്ഞു.

മിത്തും ഐതിഹ്യവും യാഥാർഥ്യവുമൊക്കെ കൂട്ടിക്കലർത്തിയാണ് ഡൊമിനിക് അരുണും കൂട്ടരും ചിത്രം അവതരിപ്പിച്ചത്. ആധുനിക ലോകത്തിലെ വെല്ലുവിളികളെ മറികടക്കുന്ന ഒരു അമാനുഷിക ജീവിയായ നീലി എന്നറിയപ്പെടുന്ന ചന്ദ്ര ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള റിലീസായി ഈ ചിത്രം മാറി, ലോകമെമ്പാടും 300 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്.
