കൊച്ചി: എറണാകുളംകരിത്തോട് ഭാഗത്തെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. ചക്കരപ്പറമ്പ് 39-ാം ഡിവിഷനിലെ കണിയാപ്പള്ളി റോഡിലാണ് അനധികൃത നിർമ്മാണം ഉണ്ടായിരുന്നത്. മഴക്കാലങ്ങളിൽ വിവേകാനന്ദ റോഡ് ഉൾപ്പെടെയുള്ള പരിസരങ്ങളിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടർന്ന് പൊതുപ്രവർത്തകൻ ജോർജ് പ്രദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കരിത്തോട് സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെങ്കിലും വർഷങ്ങളായി കയ്യേറ്റങ്ങളും മാലിന്യ കൂമ്പാരങ്ങളും കാരണം ശുചീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. തോടിന്റെ ഇരുവശങ്ങളിലും ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കരിങ്കൽക്കെട്ടിന് മുകളിൽ സ്വകാര്യ വ്യക്തികൾ മതിലുകൾ നിർമ്മിച്ചതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതായി ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ അനധികൃത നിർമാണത്തിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കോർപ്പറേഷൻ ഇടപെട്ട് മതിൽ പൊളിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏഴ് ദിവസത്തിനകം നടപടി പൂർത്തിയാക്കാമെന്ന റവന്യൂ വിഭാഗത്തിന്റെ ഉറപ്പ് നൽകി. എന്നാൽ ഉടമസ്ഥർ തന്നെ സ്വയം അനധികൃത നിർമാണം പൊളിക്കാൻ ആരംഭിച്ചു .പുതിയ നിർമാണങ്ങൾ സ്വകാര്യഭൂമിയ്ക്കുള്ളിൽ മാത്രം നടത്തുകയും കരിങ്കൽക്കെട്ട് ഭാഗം ഒഴിവാക്കുകയും ചെയ്താൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സുഗമമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ഈ നടപടിയോടെ മഴക്കാല വെള്ളക്കെട്ട് പ്രശ്നത്തിന് സ്ഥിരപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
