BREAKING NEWS


ചെന്നൈയില്‍ കാക്കകളില്‍ എച്ച്5എന്‍1 സ്ഥിരീകരണം; പക്ഷിപ്പനി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

By sanjaynambiar
2026 02 0618 02 61bird flu chennai



ചെന്നൈ: തമിഴ്‌നാട്ടില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനിക്കു കാരണമാകുന്ന എച്ച്5എന്‍1 വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ അഡയാര്‍, ഗാന്ധിനഗര്‍, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാണ്‍മിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ഇസിആര്‍, ഒഎംആര്‍ പാതയോരങ്ങളിലെയും ഉള്‍പ്പെടെ ഏകദേശം 1500 കാക്കകളാണ് ചത്തുവീണത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ (എന്‍ഐഎച്ച്എസ്എഡി) നടത്തിയ പരിശോധനയിലാണ് ജഡങ്ങളില്‍ എച്ച്5എന്‍1 വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കാക്കകളില്‍ കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്കു പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ചത്തുകിടക്കുന്ന പക്ഷികളെ തൊടരുതെന്നും, നീക്കം ചെയ്യേണ്ടിവന്നാല്‍ ഗ്ലൗസ് ഉപയോഗിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൈകൊണ്ട് തൊട്ടാല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണം. പക്ഷിയെ തൊട്ട കൈകൊണ്ട് മുഖമോ ശരീരത്തിലെ മറ്റ് ഭാഗങ്ങളോ സ്പര്‍ശിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കാക്കകളോ കാട്ടുപക്ഷികളോവളര്‍ത്തുപക്ഷികളോ കൂട്ടത്തോടെ ചാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ മൃഗസംരക്ഷണവകുപ്പിന് നിര്‍ദേശം നല്‍കി. ചത്ത പക്ഷികളെ തുറസ്സായ സ്ഥലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുത്. പ്രത്യേക ലബോറട്ടറികളില്‍ പരിശോധന നടത്തിയ ശേഷം ജഡങ്ങള്‍ കത്തിച്ചുകളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യണം. വളര്‍ത്തുപക്ഷികളുള്ള കേന്ദ്രങ്ങളിലേക്കുള്ള പുറമേനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്.സാധാരണയായി പക്ഷികളില്‍ മാത്രം രോഗം ഉണ്ടാക്കുന്നവയാണ് ഇത്തരം വൈറസുകള്‍. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പക്ഷികളില്‍നിന്ന് മനുഷ്യരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പക്ഷികളെ വളര്‍ത്തുന്നവരും ഇറച്ചി സംസ്‌കരണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരുമാണ് കൂടുതല്‍ അപകടസാധ്യതയുള്ളവര്‍. എന്നിരുന്നാലും കൊറോണയോ നിപ്പയോ പോലുള്ള രോഗങ്ങളെ പോലെ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടരാന്‍ സാധ്യത കുറവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *