കൊൽക്കത്ത: പശ്ചിമ ബംഗാൾ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയം വർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി നൂറുകണക്കിന് ആശാവർക്കർമാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിലവിലുള്ള തുകയിൽ വെറും 1000 രൂപ മാത്രം വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ആരോഗ്യ വകുപ്പ് ആസ്ഥാനമായ ‘സ്വാസ്ഥ്യ ഭവന്’ മുന്നിൽ പ്രവർത്തകർ ഒത്തുചേർന്നത്.
നിലവിൽ പ്രഖ്യാപിച്ച വർദ്ധനവ് തുച്ഛമാണെന്നും പ്രതിമാസ ഓണറേറിയം കുറഞ്ഞത് 15,000 രൂപയാക്കി ഉയർത്തണമെന്നുമാണ് ആശാവർക്കർമാരുടെ പ്രധാന ആവശ്യം. ഇന്നലെ മമത ബാനർജി സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആശാവർക്കർമാരുടെ ഓണറേറിയം പ്രതിമാസം 6,250 രൂപയായാണ് വർദ്ധിപ്പിച്ചത്. എന്നാൽ ഇത് തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ സെക്രട്ടറിയെ നേരിൽ കാണുമെന്നും ന്യായമായ വേതനം ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

