BREAKING NEWS


സംസാരിക്കാൻ വിസമ്മതിച്ചു; വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; പ്രതിയെ ചങ്ങലക്കിട്ട് ചന്തയിലൂടെ നടത്തി പോലീസ്

By sanjaynambiar
jaipur

ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പത്തൊമ്പതുകാരനെ പോലീസ് പിടികൂടി. ഓംപ്രകാശ് എന്ന ഫോട്ടോഗ്രാഫറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തി ആസിഡ് കുപ്പി എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു.

​ഒരു വിവാഹ ചടങ്ങിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ ആദ്യമായി കാണുന്നത്. തുടർന്ന് പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനി ഇത് കർശനമായി തടയുകയും ഇയാളെ ശകാരിക്കുകയും ചെയ്തു.
​ഇതിലുള്ള വിരോധം തീർക്കാനാണ് സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ പ്രതി ആക്രമിച്ചത്.

​ആക്രമണത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ പ്രതി മുൻകരുതൽ എടുത്തിരുന്നു. ഹെൽമെറ്റും മുഖംമൂടിയും ധരിക്കുകയും ബൈക്കിന്റെ നമ്പർ പ്ലേറ്റ് തുണി കൊണ്ട് മറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു.

​തിങ്കളാഴ്ച പിടിയിലായ പ്രതിയെ പോലീസ് ചങ്ങലക്കിട്ട് പൊതുമാർക്കറ്റിലൂടെ നടത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് നിയമത്തോടുള്ള ഭയം ഉണ്ടാക്കാനാണ് പൊതുസ്ഥലത്തുകൂടി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.​ആക്രമണത്തിൽ പെൺകുട്ടിയുടെ കൈകൾക്കും വിരലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *