പ്രിയദർശന്റെ കീഴിൽ സിനിമ പഠിച്ച ആദിത്യ ധർ ഇന്ന് ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകനായി വളർന്നിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ തന്റെ സന്തോഷം അറിയിച്ചത്.
”എന്റെ ശിഷ്യൻ ഇത്രയും വലിയ വിജയങ്ങൾ നേടുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ല. അഭിനന്ദനങ്ങൾ ആദിത്യ ധർ. ധുരന്ദർ 2-ന് ഹൃദയം നിറഞ്ഞ ആശംസകൾ.”

പ്രിയദർശന്റെ സഹായിയിൽ നിന്ന് ദേശീയ പുരസ്കാരത്തിലേക്ക് പ്രിയദർശന്റെ സംവിധാന സഹായിയായിട്ടായിരുന്നു ആദിത്യ ധറിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. പ്രിയദർശൻ സംവിധാനം ചെയ്ത ‘ആക്രോശ്’, ‘തേസ്’ എന്നീ ചിത്രങ്ങൾക്ക് ആദിത്യ സംഭാഷണം രചിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ ‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’ ആയിരുന്നു ആദ്യ ചിത്രം. കന്നി ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
ധുരന്ദർ: രൺവീർ സിങ്ങിനെ നായകനാക്കി ഒരുക്കിയ ഈ സ്പൈ-ആക്ഷൻ ത്രില്ലർ ഇതുവരെ 1230 കോടി രൂപ ആഗോള കളക്ഷൻ നേടിയിട്ടുണ്ട്.
’ധുരന്ദർ 2′ വരുന്നു
അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ. മാധവൻ, സാറാ അർജുൻ തുടങ്ങി വൻ താരനിര അണിനിരന്ന ധുരന്ദറിന്റെ രണ്ടാം ഭാഗം ഉടൻ എത്തുമെന്ന സൂചനയും പ്രിയദർശൻ നൽകി. ചിത്രം ഈ വരുന്ന മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
