തിരുവനന്തപുരം: ആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപ വിവാദങ്ങൾക്ക് പിന്നാലെ നടി സ്നേഹ ശ്രീകുമാറിനെതിരെയും വിദ്വേഷ പരാമർശങ്ങളുമായി കലാമണ്ഡലം സത്യഭാമ. നേരത്തെ രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമർശിച്ചും സ്നേഹ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ സത്യഭാമ സ്നേഹയെയും കുടുംബത്തെയും അധിക്ഷേപിച്ചത്.

വ്യക്തിപരമായ അധിക്ഷേപം: സ്നേഹയെ “പിണ്ഡോദരി മോളെ” എന്ന് വിശേഷിപ്പിച്ച സത്യഭാമ, നടിയുടെ ശാരീരിക പ്രത്യേകതകളെ പരിഹസിക്കുന്ന തരത്തിലാണ് സംസാരിച്ചത്.പൊതുവേദിയിൽ വെച്ച് കാണുമ്പോൾ മറുപടി നൽകുമെന്നും സ്നേഹയുടെ ഭർത്താവും നടനുമായ ശ്രീകുമാർ മുൻപ് കേസിൽ പെട്ടതിനെ പരിഹസിച്ചും സത്യഭാമ വീഡിയോയിൽ ഭീഷണി മുഴക്കി.കലയെ താഴ്ത്തിക്കെട്ടൽ: സ്നേഹ അഭിനയിക്കുന്ന ‘മറിമായം’ എന്ന പരിപാടിയെയും സ്നേഹ അഭ്യസിച്ച ‘ഓട്ടംതുള്ളൽ’ എന്ന കലാരൂപത്തെയും സത്യഭാമ അധിക്ഷേപിച്ചു.പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും സ്നേഹയുടെ ചിത്രം വീഡിയോയിൽ ഉൾപ്പെടുത്തിയാണ് സത്യഭാമ തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ നടത്തിയ പരാമർശങ്ങൾ വിവാദമായി തനിക്ക് തോന്നുന്നില്ലെന്നും അതിന്റെ സത്യാവസ്ഥകൾ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. മാധ്യമങ്ങളെ ഭയന്നാണ് ബന്ധുക്കൾ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തതെന്നും എന്നാൽ എല്ലാവരും തന്നോടൊപ്പമുണ്ടെന്നും സത്യഭാമ അവകാശപ്പെടുന്നു. തന്റെ കരിയർ നശിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും ദൈവങ്ങൾ കൂടെയുണ്ടെന്നും അവർ വീഡിയോയിൽ കൂട്ടിച്ചേർത്തു.
