കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ ‘ഉദയനാണ് താരം’ റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ട് തികയുമ്പോൾ പുത്തൻ ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം 4K നിലവാരത്തിൽ 2026 ജനുവരി അവസാനത്തോടെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് തകർത്തഭിനയിച്ച ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറഞ്ഞത്.
പ്രധാന കഥാപാത്രങ്ങൾ: ഉദയഭാനുവായി മോഹൻലാലും ‘സൂപ്പർ സ്റ്റാർ’ സരോജ് കുമാറായി ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ തരംഗമായിരുന്നു. പച്ചാളം ഭാസിയായി ജഗതി ശ്രീകുമാർ നടത്തിയ പ്രകടനം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.മീന നായികയായ ചിത്രത്തിൽ മുകേഷ്, സലിം കുമാർ, ഇന്ദ്രൻസ്, ഭാവന തുടങ്ങിയവരും അണിനിരന്നു.
അണിയറപ്രവർത്തകർ:
തിരക്കഥ: ശ്രീനിവാസൻ
നിർമ്മാണം: സി. കരുണാകരൻ (കാൾട്ടൺ ഫിലിംസ്)
സംഗീതം: ദീപക് ദേവ് (ഗാനങ്ങൾ), ഔസേപ്പച്ചൻ (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണം: എസ്. കുമാർ
റീ-മാസ്റ്ററിങ്: പ്രസാദ് ലാബ്സിലാണ് ചിത്രത്തിന്റെ 4K റീ-മാസ്റ്ററിങ് നടക്കുന്നത്. ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
രണ്ടാം വരവിലും ‘രാജപ്പൻ’ തരംഗം തിയേറ്ററുകളിൽ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. പ്രസാദ് ലാബ്സിൽ പുരോഗമിക്കുന്ന കളറിംഗും മിക്സിംഗും പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.
