കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ സി.പി.എം നേതാവ് എം. സ്വരാജിനെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രസംഗം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി.

2018-ൽ ശബരിമല യുവതീ പ്രവേശന വിവാദം നിലനിന്നിരുന്ന സമയത്ത് എം. സ്വരാജ് നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമുള്ള പരാമർശങ്ങൾ വിശ്വാസികളെ അധിക്ഷേപിക്കുന്നതാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
കോടതി ഇടപെടൽ
വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ ഈ വിഷയത്തിൽ കൊല്ലം വെസ്റ്റ് പോലീസിലും സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നെങ്കിലും കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്നാണ് വിഷ്ണു സുനിൽ കോടതിയെ സമീപിച്ചത്. പ്രാഥമിക പരിശോധനയുടെ ഭാഗമായാണ് കോടതി ഇപ്പോൾ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
