രാജകുമാരി: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ ഇടുക്കിയിലെ കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11,214 പേരാണ് മലമുകളിലെ സൂര്യോദയവും തേയിലത്തോട്ടങ്ങളുടെ ഭംഗിയും ആസ്വദിക്കാനെത്തിയത്. ക്രിസ്മസ് ദിനത്തിൽ 2,244 പേരും ഡിസംബർ 27-ന് റെക്കോർഡ് എണ്ണമായ 3,060 പേരും കൊളുക്കുമല സന്ദർശിച്ചു.

സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്. പുതുവത്സരത്തോടനുബന്ധിച്ച് തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത.
സൂര്യോദയവും ഉയരവും: സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമല, ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങൾക്ക് പേരു കേട്ടതാണ്. ഇവിടത്തെ മനോഹരമായ സൂര്യോദയ കാഴ്ച സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
പാരമ്പര്യത്തിന്റെ ചായരുചി: 1935-ൽ ഇംഗ്ലണ്ടിൽ നിന്ന് എത്തിച്ച യന്ത്രങ്ങൾ ഉപയോഗിച്ച് ഇന്നും പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്ന 80 വർഷം പഴക്കമുള്ള തേയില ഫാക്ടറി ഇവിടെയുണ്ട്. 2007-ലെ ‘ഗോൾഡ് ലീഫ്’ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഇവിടത്തെ തേയിലയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ പ്രത്യേകത: കൊളുക്കുമലയുടെ ഭൂരിഭാഗവും തമിഴ്‌നാടിന്റെ പരിധിയിലാണെങ്കിലും ഇവിടേക്കുള്ള ഏക പ്രവേശന മാർഗ്ഗം കേരളത്തിലൂടെ മാത്രമാണ്. മൂന്നാറിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
സൂര്യനെല്ലിയിൽ നിന്ന് 12 കിലോമീറ്റർ ദുർഘടമായ പാതയിലൂടെയുള്ള യാത്രയ്ക്ക് ജീപ്പുകൾ മാത്രമാണ് ആശ്രയം. ചിന്നക്കനാലിൽ നിന്നുള്ള 238 അംഗീകൃത ജീപ്പുകൾക്കാണ് ഇവിടേക്ക് സർവീസ് നടത്താൻ അനുമതിയുള്ളത്.
വാടക: ഒരു ജീപ്പിന് 3,100 രൂപയാണ് നിരക്ക് (6 പേർക്ക് യാത്ര ചെയ്യാം).പുലർച്ചെ 4 മണി മുതൽ ട്രെക്കിങ് ആരംഭിക്കും. മോട്ടോർ വാഹന വകുപ്പ് പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ജീപ്പുകൾക്ക് മൂന്ന് മാസം കൂടുമ്പോൾ ഫിറ്റ്നസ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
