തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ വൻ നേട്ടം കൈവരിച്ച് കെഎസ്ആർടിസി. 2025 ഡിസംബർ 15-ലെ ടിക്കറ്റ് കളക്ഷൻ മാത്രം 10.77 കോടി രൂപയായി ഉയർന്നു. ടിക്കറ്റിതര വരുമാനം കൂടി ചേർത്തപ്പോൾ ആകെ വരുമാനം 11.53 കോടി രൂപയായതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ വർഷം ഇതേ ദിവസം (16.12.2024) 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. യാത്രാ നിരക്കിൽ വർദ്ധനവ് വരുത്താതെ തന്നെ സേവനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ബസ്സുകൾ നിരത്തിലിറക്കിയതും ശാസ്ത്രീയമായ പരിഷ്കരണങ്ങളും വരുമാനം വർദ്ധിക്കാൻ സഹായിച്ചു. നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും ലാഭകരമായാണ് പ്രവർത്തിക്കുന്നത്. ഓഫ്-റോഡ് ബസ്സുകളുടെ എണ്ണം കുറച്ച് പരമാവധി സർവീസുകൾ ലഭ്യമാക്കിയതും ജീവനക്കാർക്കിടയിലെ മത്സരബുദ്ധിയോടെയുള്ള പ്രവർത്തനവും ഈ മുന്നേറ്റത്തിന് കരുത്തുപകർന്നു.
