നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്കോടതി വിധി പുറത്തുവന്ന നിമിഷം, സിനിമാരംഗത്തെ സൗഹൃദവലയം ഒറ്റക്കെട്ടായി അതിജീവിതയ്ക്ക് വേണ്ടി നിലകൊണ്ടു. നീതിയുടെ വെളിച്ചം പൂർണ്ണമായും എത്തേണ്ടതുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് നടി മഞ്ജു വാരിയർ വിചാരണക്കോടതിയുടെ വിധിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു.
ഇതിന് പിന്നാലെ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, സുപ്രിയ മേനോൻ, ജുവൽ മേരി ഉൾപ്പെടെയുള്ള വനിതാ ചലച്ചിത്രപ്രവർത്തകരുടെ നിര അതിജീവിതയുടെ പോരാട്ടത്തിന് കരുത്തും പ്രത്യാശയും നൽകി. ഈ ഐക്യദാർഢ്യത്തിന്റെ തിരമാലകൾക്കൊപ്പം നടൻ പൃഥ്വിരാജ് സുകുമാരനും അതിജീവിതയുടെ പോസ്റ്റ് പങ്കുവെച്ച് പിന്തുണ അറിയിച്ചു.

മഞ്ജു വാരിയരുടെ വാക്കുകൾ: ഗൂഢാലോചന പുറത്തുവരണം
വിചാരണക്കോടതിയുടെ വിധിയോട് ആദരവുണ്ടെങ്കിലും, നീതി പൂർണ്ണമായി നടപ്പായിട്ടില്ലെന്നാണ് മഞ്ജു വാരിയർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കേവലം കുറ്റം ചെയ്തവർ മാത്രം ശിക്ഷിക്കപ്പെട്ടാൽ പോരാ, ഇതിന് പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചന കൂടി പുറത്തുവരണമെന്ന് മഞ്ജു ശക്തമായി ആവശ്യപ്പെട്ടു.
മഞ്ജു വാരിയർ കുറിച്ചത് ഇങ്ങനെ:
”ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഈ വിഷയത്തിൽ നീതി പൂർണ്ണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല. കാരണം, കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാക്കണമെങ്കിൽ ഈ ഗൂഢാലോചന കൂടി പുറത്തുവരണം. ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം.”
