നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘പെണ്ണും പൊറാട്ടും’ കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (IFFK). മലയാള സിനിമ ടുഡേ (Malayalam Cinema Today) വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മേളയിൽ മൂന്ന് തവണയാണ് ചിത്രത്തിന് പ്രദർശനമുള്ളത്.ചിത്രത്തിന്റെ പ്രദർശന സമയക്രമവും തിയേറ്റർ വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടു:

ആദ്യ പ്രദർശനം: ഞായറാഴ്ച ഉച്ചയ്ക്ക് 2.30 -ന് കൃപ തിയേറ്ററിൽ.
രണ്ടാം പ്രദർശനം: ചൊവ്വാഴ്ച രാവിലെ 9.15 -ന് ന്യൂ തിയേറ്റർ (സ്ക്രീൻ 1) -ൽ.
മൂന്നാം പ്രദർശനം: ബുധനാഴ്ച വൈകുന്നേരം 6.15 -ന് ശ്രീ തിയേറ്ററിൽ.
’ന്നാ താൻ കേസ് കൊട്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയിൽ രാജേഷ് മാധവൻ ഒരുക്കിയ ‘പെണ്ണും പൊറാട്ടും’ 2026 ജനുവരിയിൽ തിയേറ്ററുകളിലെത്തും.
കഴിഞ്ഞ മാസം ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു (IFFI) ചിത്രത്തിന്റെ പ്രീമിയർ നടന്നത്. ഗോവയിൽ പ്രേക്ഷകരുടെ വലിയ പിന്തുണ നേടിയ ചിത്രം നിരൂപകരിൽ നിന്നും മികച്ച പ്രശംസ നേടിയിരുന്നു. ഗാല പ്രീമിയർ വിഭാഗത്തിൽ, നിരവധി മികച്ച അന്തർദേശീയ-രാജ്യാന്തര ചലച്ചിത്രങ്ങൾക്കൊപ്പം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമ ആയിരുന്നു ‘പെണ്ണും പൊറാട്ടും’ എന്ന പ്രത്യേകതയുമുണ്ട്.
സാമൂഹിക-ആക്ഷേപഹാസ്യ ഗണത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും അണിനിരക്കുന്നുണ്ട്. പട്ടട എന്ന ഗ്രാമമാണ് കഥയുടെ പശ്ചാത്തലം. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധവും ചിത്രത്തിന്റെ പ്രധാന ഇതിവൃത്തങ്ങളിൽ ഒന്നാണ്.
മറ്റ് അണിയറ പ്രവർത്തകർ:
ഛായാഗ്രഹണം: സബിൻ ഊരാളിക്കണ്ടി
സംഗീതം: ഡോൺ വിൻസെന്റ്
ചിത്രസംയോജനം: ചമൻ ചാക്കോ
കോ-പ്രൊഡ്യൂസർ: ഷെറിൻ റേച്ചൽ സന്തോഷ്
പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുൺ സി. തമ്പി
സൗണ്ട് ഡിസൈനർ: ശ്രീജിത്ത് ശ്രീനിവാസൻ
കലാസംവിധാനം: വിനോദ് പട്ടണക്കാടൻ
മേക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: ടിനോ ഡേവിസ്, വിശാഖ് സനൽകുമാർ
പോസ്റ്റർ ഡിസൈൻസ്: സർക്കാസനം
പിആർഒ: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
