BREAKING NEWS


മുനമ്പം ഭൂമി: വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

By sanjaynambiar
asder

ന്യൂഡൽഹി: കൊച്ചി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.​എന്നാൽ, മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കുന്നതിനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ സംസ്ഥാന സർക്കാർ നിയമിച്ച നടപടി ശരിവച്ച ഹൈക്കോടതിയുടെ തീരുമാനത്തിന് സ്റ്റേ ബാധകമല്ലെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

വിഷയം പരിഗണിക്കുന്നതിനിടെ ഹൈക്കോടതി അധികാരപരിധി മറികടന്നാണ് ഈ കേസിൽ ഇടപെട്ടതെന്ന നിരീക്ഷണവും സുപ്രീം കോടതി ബെഞ്ചിൽ നിന്നുണ്ടായി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.

ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.​ഹ്രസ്വമായ വാദം കേട്ട സുപ്രീം കോടതി, വിഷയത്തിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ആറ് ആഴ്ചക്കുള്ളിൽ മറുപടി നൽകാനും കോടതി നിർദേശിച്ചു. കേസ് ജനുവരി 27-ന് വീണ്ടും പരിഗണിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *