BREAKING NEWS


കൊച്ചി നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷാവാദം; പ്രതികൾ കോടതിയിൽ വികാരാധീനരായി, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

By sanjaynambiar
suni

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവാദത്തിനിടെ ചില പ്രതികൾ കോടതിയിൽ വികാരാധീനരായി. രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയിൽ പൊട്ടിക്കരഞ്ഞത്. ഭാര്യയും കുട്ടികളുമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇരുവരും വികാരാധീനരായത്.തങ്ങൾ നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും എല്ലാ പ്രതികളും കോടതിയോട് അപേക്ഷിച്ചു. നാലാം പ്രതി വിജീഷ് തന്നെ കണ്ണൂർ ജയിലിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന ശക്തമായ നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഗൂഢാലോചന തെളിഞ്ഞ സാഹചര്യത്തിൽ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവർക്കും അതിന്റെ ഉത്തരവാദിത്തമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. യഥാർഥ പ്രതി ഒന്നാം പ്രതിയായ പൾസർ സുനിയാണെങ്കിലും, മറ്റ് പ്രതികളും കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ, കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന സംശയം കോടതി പ്രോസിക്യൂഷനോട് ഉന്നയിച്ചു. എങ്കിലും, എല്ലാ പ്രതികൾക്കും ഒരേപോലെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. രണ്ടുമുതൽ ആറുവരെയുള്ള പ്രതികൾക്ക് ഒരേ ശിക്ഷ നൽകേണ്ടതുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, ഒന്നാം പ്രതിയാണ് പ്രധാന കുറ്റകൃത്യം ചെയ്തതെങ്കിലും മറ്റുള്ളവർ അതിനുവേണ്ടി കൂട്ടായി പ്രവർത്തിച്ചതിനാൽ ഒന്നാം പ്രതിയുടെ അതേ ശിക്ഷതന്നെ എല്ലാവർക്കും നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.​2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയെന്നുമാണ് കേസ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *